ഭോപാൽ: ഹൃദയാഘാതത്തെ തുടർന്ന് ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകളിലെ രണ്ട് യാത്രക്കാർ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളിയും ബിഹാറിലെ ഔറംഗബാദിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളിയുമാണ് മരിച്ചത്. പൂനെയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന അഖിലേഷ് കുമാർ റാണ ഗോണ്ട ജില്ലയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് സത്‌ന ജില്ലയിലെ മജ്ഗവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. തുടർന്നുള്ള പരിശോധനയിൽ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
രണ്ടാമത്തെ സംഭവത്തിൽ തമിഴ്‌നാട്ടില്‍ നിന്ന് ബിഹാറിലെ ഔറംഗബാദിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയുകയായിരുന്ന നന്ദകുമാർ പാണ്ഡെ (62) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി നാഗ്പൂരിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ നിന്ന് ഹൃദയാഘാതത്തെ തുടർന്ന് ആംല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നന്ദകുമാർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നത് നാട്ടിലായിരുന്നെന്നും ലോക്ക് ഡൗൺ കാരണം നാട്ടിലെത്താൻ കഴിഞ്ഞില്ലെന്നും നന്ദകുമാറിന്‍റെ ഭാര്യ ഇന്ദു പറഞ്ഞു.