റായ്‌പൂർ: കൊവിഡ് ലക്ഷണങ്ങൾ കാണിച്ച രണ്ട് ഗ്രാമവാസികൾ മരിച്ചതിനെ തുടർന്ന് ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിൽ ആശങ്ക. കൊട്ടാചെരു ഗ്രാമവാസികളായ ഹദ്‌മ (22), പോഡിയം ഭീമ (30) എന്നിവരാണ് മരിച്ചത്. ലോക്ക് ഡൗണിന് ഒരു ദിവസം മുമ്പാണ് ഇരുവരും ആന്ധ്രാപ്രദേശിൽ നിന്ന് വീട്ടിലെത്തിയത്.
ഗ്രാമത്തിൽ തിരിച്ചെത്തി മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഇരുവർക്കും കടുത്ത പനിയും തലവേദനയും അരംഭിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഏപ്രിൽ 20ന് ഭീമ മരിച്ചു. ഏപ്രിൽ 19നാണ് ഹദ്‌മ മരിച്ചത്.
ജനങ്ങൾ പരിഭ്രാന്തരായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തി. എന്നാൽ ഇരുവരും കൊവിഡ് ബാധിച്ചല്ല മരിച്ചതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സംഘം ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുകയും ഗ്രാമവാസികൾക്ക് അവശ്യ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചവരെ ക്വാറന്‍റൈന് വിധേയരാക്കിയിട്ടുണ്ട്.