തെലങ്കാന: ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ വിരമിക്കൽ പ്രായപരിധി ഉയർത്തി തെലങ്കാന സർക്കാർ. ജീവനക്കാരുടെ വിരമിക്കൽ പ്രായ പരിധി 58ൽ നിന്ന് 60ലേക്ക് ഉയർത്തിയ സർക്കാർ ഫയലിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഒപ്പു വെച്ചു. ഡിസംബർ ഒന്നിന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. 55 ദിവസത്തെ സമരത്തിന് ശേഷമാണ് ജീവനക്കാരുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. ഇതിനായി സർക്കാർ ഉന്നതതല അവലോകന യോഗം ചേർന്നു.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലൂടെ പാർസൽ സംവിധാനം നടപ്പിലാക്കാനുമുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്. ഗതാഗത മന്ത്രി പുവാഡ അജയ് കുമാർ, സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് രാജീവ് ശർമ, ചീഫ് സെക്രട്ടറി എസ് കെ ജോഷി, ടി എസ് ആർ ടി സി എം.ഡി സുനിൽ ശർമ എന്നിവരും ഉന്നതതലയോഗത്തിൽ പങ്കെടുത്തു. ടിഎസ്‌ആർടിസിയെ ലാഭത്തിലാക്കാനുള്ള നടപടികൾ, ചരക്ക് ഗതാഗത ശൃംഖല ശക്തിപ്പെടുത്തുക, ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിവ ചർച്ച ചെയ്തു.