ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയിലേക്ക് തിരിച്ചു. മേരിലാന്‍റിലെ ജോയിന്‍റ് ബേസില്‍ നിന്നും പുറപ്പെട്ട സംഘം യാത്രക്കിടെ ജര്‍മനിയിലെ റൈൻലാൻഡ്-പാലറ്റിനേറ്റ് സന്ദര്‍ശിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.25ന് ജര്‍മനിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടും. 36 മണിക്കൂറോളം സമയം ഇന്ത്യയില്‍ ചെലവിടുന്ന ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും.
തിങ്കളാഴ്‌ച വൈകിട്ട് ട്രംപും കുടുംബവും ആഗ്രയിലെ താജ്‌മഹൽ സന്ദർശിക്കും. താജ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ അനുഗമിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്‌ച ന്യൂഡൽഹിയിലെ സ്വീകരണത്തിന് ശേഷം സംഘം രാജ്‌ഘട്ട് സന്ദര്‍ശിക്കും. ശേഷം പ്രതിനിധി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ട്രംപ് പ്രതിരോധ മേഖലയിലെ കരാറുകളിൽ ഒപ്പുവെക്കും. വൈകിട്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരെ ഹൈദരാബാദ് ഹൗസിൽ സന്ദർശിക്കും. രാഷ്ട്രപതി ഭവനിൽ ഇന്ത്യന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്നിന് ശേഷം സംഘം തിരിച്ച് മടങ്ങും.