അഗര്‍ത്തല : ഏതാനും ദിവസങ്ങൾക്ക് മുമ്പ് ത്രിപുരയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. പ്രധാനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന സമയത്താണ് മനോജ് കാന്തി ദേബ് വനിതാ മന്ത്രിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചത്. വനിതാമന്ത്രി ചെറുത്തുനില്‍പ്പ് നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
പ്രതിപക്ഷം മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. "ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചു. വനിതാ മന്ത്രിയോട് മോശമായി പെരുമാറിയതിന് മനോജ് കാന്തി ദേബിനെ പുറത്താക്കണം. ഒരു മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണ്," ഇടതു മുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ഇടത് മുന്നണിയാണ് അനാവശ്യ വിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും സംഭവത്തില്‍ വനിതാ മന്ത്രി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.