ഹൈദരാബാദ്: ഭൂമി കൈയേറിയതിന് തെലങ്കാന തൊഴില്‍ മന്ത്രി മല്ല റെഡ്ഡിയും മകന്‍ ഭന്ദ്ര റെഡ്ഡി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. തന്‍റെ ഭൂമി കൈയേറിയെന്ന് ആരോപിച്ച് യുവതി ഫെബ്രുവരിയില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രഥാമിക അന്വേഷണത്തില്‍ പരാതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് തള്ളിയിരുന്നു. പിന്നീട് യുവതി ഹൈക്കോടിതിയെ സമീപിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
മന്ത്രിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രി കെട്ടിടത്തിനിടെയിലെ തന്‍റെ അമ്മയുടെ പേരിലുള്ള ഭൂമി വില്‍ക്കണമെന്ന് ആവശ്യപ്പെട്ടെന്നും വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് മതില്‍ പണിത് തന്‍റെ ഭൂമിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്നും യുവതി പരാതിയില്‍ ആരോപിച്ചു. ഗുണ്ടകളെ കൊണ്ട് ആക്രമിച്ചെന്നും ഭൂമി മല്ല റെഡ്ഡിക്ക് വിറ്റതായി വ്യാജ രേഖ നിര്‍മിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 447, 506 വകുപ്പുകള്‍ പ്രകാരം ഹൈദരാബാദ് ദുണ്ടിഗൽ പൊലീസാണ് കേസെടുത്തത്.