ഇൻഡോർ: മധ്യപ്രദേശിലെ വിജയ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാന്‍ ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. ഇവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി. ഖജ്രാന പൊലീസ് സ്റ്റേഷനിലും വിജയ് നഗര്‍ പൊലീസ് സ്റ്റേഷനിലും ഇവരെ നിയമിച്ചു. ഊര്‍ജ ഡെസ്ക് എന്നാണ് ഈ സെല്ലിന് പേര് നല്‍കിയിരിക്കുന്നത്.
സമൂഹത്തിന്‍റെ സ്വത്വം വികസിപ്പിക്കുന്നതിന് മാത്രമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സന്ധ്യ, ഗൗരി എന്നീ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് നിയമിച്ചത്. കുടുംബ പ്രശ്നങ്ങളുമായിട്ടെത്തുന്നവര്‍ക്ക് മികച്ച കൗണ്‍സിലിങ്ങും ഇവര്‍ നല്‍കും. ഗുരുതരമായ പ്രശ്നങ്ങളാണെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കേസ് കൈമാറും. തങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തിയതിന് ഡി.എ.ജി രുചി വര്‍ധന്‍ മിശ്രക്കും അഡീഷണല്‍ എസ്.പി. മനീഷ പാത്തക്കിനും ഇരുവരും നന്ദി അറിയിച്ചു. വലിയ ഉത്തരവാദിത്തം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. സമൂഹത്തിലെ ഓരോ വ്യക്തിക്കും തുല്യ അവകാശമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഇന്‍ഡോര്‍ പൊലീസ് ഇടിവി ഭാരതിനോട് പറഞ്ഞു.