ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലും ലഡാക്കിലും പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പരിവര്‍ത്തനത്തിന്‍റെ ഭാഗമായി സാമൂഹ്യ നീതി ഉറപ്പാക്കലും, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണവും പിന്തുണയും, പുരോഗമന നിയമങ്ങളെയും, പുതിയ വികസന പദ്ധതികളെയും എടുത്തുകാട്ടികൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തു. വിദ്യാഭ്യാസ മേഖലയുടെ വികാസവും, തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചതും സ്‌ത്രീകളുടെ അവകാശ മുന്നേറ്റവും ചൂണ്ടിക്കാട്ടി ജമ്മു കശ്‌മീരിലും ലഡാക്കിലും പരിവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5നാണ് ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി സംസ്ഥാനത്തെ വിഭജിക്കാന്‍ കേന്ദ്രം ഉത്തരവിട്ടത്. തുടര്‍ന്ന് വിഷയത്തില്‍ ഇന്ത്യക്കെതിരെ അന്താരാഷ്‌ട്ര പിന്തുണ തേടികൊണ്ടുള്ള പാകിസ്ഥാന്‍റെ ശ്രമം പരാജയപ്പെട്ടിരുന്നു. ജമ്മു കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് പാകിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കി. തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജമ്മു കശ്‌മീരിനും ലഡാക്കിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിരവധി വികസന, ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.