ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലും ഇന്നും വായുമലിനീകരണത്തിന്‍റെ തോത് വര്‍ധിച്ചു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫർ) കണക്കുകൾ അനുസരിച്ച് വായുവിന്‍റെ ഗുണനിലവാരം ഇന്ന് രാവിലെ എക്യുഐ 376 ൽ എത്തി. ദിർപൂരിൽ എക്യുഐ 388 ഉം ദില്ലി യൂണിവേഴ്‌സിറ്റിയിൽ 382 ഉം ആയിരുന്നു. ലോധി റോഡിലും ഐഐടിയിലും യഥാക്രമം 360, 369 ആയിരുന്നു. ഇന്ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെഷ്യസും ആയിരിക്കും. ഈർപ്പം 46 ശതമാനമായിരിക്കും.
കൂടുതൽ ഭാരിച്ച ജോലികളിൽ ഏർപ്പെടരുതെന്ന് സഫർ സമീപവാസികളോട് നിർദ്ദേശിച്ചു. ആസ്മ, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തര ചികിത്സ തേടണമെന്നും അറിയിച്ചിട്ടുണ്ട്. ഹൃദയ രോഗികൾക്ക് ഹൃദയമിടിപ്പിലോ ശ്വാസമെടുക്കുന്നതിലോ അല്ലെങ്കിൽ അസാധാരണമായ ക്ഷീണമോ ഉണ്ടായാൽ ഡോക്ടറെ കാണാനും നിർദേശമുണ്ട്.