ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിൽ ഇന്ത്യൻ സൈനികരും ചൈനയും തമ്മിലുള്ള സംഘർഷം അവലോകനം ചെയ്ത് ഉന്നതവൃത്തങ്ങൾ മൂന്ന് ദിവസത്തെ സമ്മേളനം നടത്തും. ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളു ചർച്ചചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, കിഴക്കൻ ലഡാക്കിലെ പാംഗോംഗ് ത്സോ, ഗാൽവാൻ വാലി, ഡെംചോക്ക്, ദൗലത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലും തുടർനടപടികളുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എല്ലാ അടിയന്തര പ്രാധാന്യമുള്ള പ്രദേശങ്ങളിലും ഇന്ത്യയും ചൈനയും സൈനിക വിന്യാസം വർധിപ്പിച്ചിട്ടുണ്ട്, ഏറ്റുമുട്ടൽ എപ്പോൾ വേണമെങ്കിലുമുണ്ടാകാമെന്നും സൂചനയുണ്ട്. ചർച്ചകളിലൂടെ അത് പരിഹരിക്കാനുള്ള ശ്രമവും ഇരുപക്ഷവും നടത്തിയിട്ടുണ്ട്. മെയ് അഞ്ചിന് പാംഗോംഗ് ത്സോയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നൂറിലധികം ഇന്ത്യൻ, ചൈനീസ് സൈനികർക്ക് പരിക്കേറ്റു. മെയ് 9 ന് വടക്കൻ സിക്കിമിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു.
അതിർത്തി നിർവഹണത്തോട് എല്ലായ്പ്പോഴും വളരെ ഉത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നുവെങ്കിലും ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരുടെ പട്രോളിങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. സിക്കിമിലെയും ലഡാക്കിലെയും നിയന്ത്രണരേഖയുടെ നില മാറ്റാനുള്ള ശ്രമമാണിതെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു.