ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ സബ് ഇൻസ്‌പെക്ടര്‍ പോൾ ദുരൈ കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കൊവിഡ് സ്ഥിരീകരിച്ച പോളിനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ 28 ന് കേസിലെ മറ്റ് രണ്ട് പ്രതികളായ ഹെഡ് കോൺസ്റ്റബിൾ മുരുകൻ, കോൺസ്റ്റബിൾ മുത്തുരാജ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ ഓഗസ്റ്റ് 17 ന് റിപ്പോർട്ട് സമർപ്പിക്കാണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.
തൂത്തുക്കുടിയിൽ ജയരാജിന്‍റെയും മകൻ ബെന്നിക്സിന്‍റെയും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 പ്രതികളെ മധുര സെൻട്രൽ ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നത്. പി ജയരാജ് (55), മകൻ ജെ ബെനിക്സ് (31) എന്നിവരെ കസ്റ്റഡിയിൽ എടുത്ത ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. കൊവിഡ് ലോക്ക്‌ഡൗണിനിടെ മൊബൈൽ ഷോപ്പ് തുറന്ന് പ്രവർത്തിപ്പിച്ചുവെന്ന കുറ്റം ചുമത്തി ജൂൺ 19 നാണ് അച്ഛനെയും മകനെയും അറസ്റ്റുചെയ്ത് കോവിൽപട്ടി സബ് ജയിലിൽ പാർപ്പിച്ചത്.