ന്യൂഡൽഹി: തിസ് ഹസാരി കോടതി സമുച്ചയത്തിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഡൽഹി ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജി എസ്‌പി ഗാർഗ് നടത്തുന്ന അന്വേഷണം ആറ് ആഴ്‌ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. ഗാർഗിനൊപ്പം സിബിഐ ഡയറക്‌ടർ, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്‌ടർ, വിജിലൻസ് ഡയറക്‌ടർ അല്ലെങ്കിൽ അവർ നിയമിക്കുന്ന ഏതെങ്കിലും ഉയർന്ന റാങ്ക് ഉദ്യോഗസ്ഥർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടാകും.
പരിക്കേറ്റ അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്താൻ ഡൽഹി പൊലീസ് കമ്മീഷണർ അമുല്യ പട്‌നായിക്കിനെ കോടതി ചുമതലപ്പെടുത്തി. എഫ്‌ഐആർ ഉടൻ സമർപ്പിക്കണമെന്നും അതിന് മുന്നോടിയായി അതിന്‍റെ പകർപ്പുകൾ ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പരിക്കേറ്റ അഭിഭാഷകർക്ക് മികച്ച ചികിത്സ നൽകാനും സാധ്യമെങ്കിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ (എയിംസ്) തന്നെ ഇതിനായുള്ള സൗകര്യമൊരുക്കണമെന്നും ഹൈക്കോടതി ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.
അഡ്വക്കേറ്റ് വിജയ് വർമ്മയ്ക്ക് 50,000 രൂപയുടെ എക്സ് ഗ്രേഷ്യ തുകയും പരിക്കേറ്റ മറ്റ് രണ്ട് അഭിഭാഷകർക്ക് 15,000 രൂപയും 10,000 രൂപയും വീതം നൽകണമെന്നും കോടതി നിർദേശിച്ചു. ഭാവിയിൽ ആവശ്യം വന്നാൽ കൂടുതൽ തുക നൽകാനും ഉത്തരവിട്ടു. എല്ലാ ബാർ അസോസിയേഷനുകളും ബാർ കൗൺസിലുകളും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അപേക്ഷ നല്‍കിയിരുന്നു. അഭിഭാഷകരിൽ നിന്നും പൊലീസിൽ നിന്നുമുള്ള പരാതികള്‍ ഉൾപ്പെടെ നാല് എഫ്‌ഐആറുകളാണ് കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (നോർത്ത്), രണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്എച്ച്ഒ), എട്ട് അഭിഭാഷകർ എന്നിവരുൾപ്പെടെ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഘർത്തിന് ശേഷം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി. എൻ. പട്ടേൽ ആറ് മുതിർന്ന ജഡ്‌ജിമാരുമായും തലസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.
അതേസമയം, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രണ്ട് അഭിഭാഷകർക്ക് രണ്ട് ലക്ഷം രൂപ വീതവും ഏറ്റുമുട്ടലിൽ പരിക്കേറ്റ അഭിഭാഷകർക്ക് 50,000 രൂപ വീതവും നൽകാൻ ഡൽഹി ബാർ കൗൺസിൽ തീരുമാനിച്ചു.