അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രം ദര്‍ശനത്തിനായി ജൂണ്‍ എട്ട് മുതല്‍ തുറക്കാന്‍ അനുമതി. ആദ്യ മൂന്ന് ദിവസം പരീക്ഷണാര്‍ഥത്തില്‍ തുറക്കാനാണ് തീരുമാനം. എന്നാല്‍ ആദ്യദിനങ്ങളില്‍ പ്രവേശനം ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ എട്ടിനും ഒമ്പതിനും ക്ഷേത്ര ജീവനക്കാര്‍ക്കും 10 മുതല്‍ പ്രദേശവാസികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അറിയിച്ചു. മറ്റ് ഭക്തര്‍ക്ക് ജൂണ്‍ 11 മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നും എന്നാല്‍ സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ദിവസേന 6000മുതല്‍ 7000 വരെ ഭക്തരെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ടിടിഡി ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ വൈ വി ശുഭ റെഡ്ഡി പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. നേരത്തെ ദിവസേന 60,000 മുതല്‍ 70,000 ഭക്തര്‍ ദര്‍ശനം നടത്തിയിരുന്ന ക്ഷേത്രമാണിത്. രാവിലെ 6.30 മുതല്‍ രാത്രി 7.30 വരെയാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.
65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴെയുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ നിന്നുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല. ദര്‍ശനത്തിനായി ദിവസേന 3000 ടിക്കറ്റുകള്‍ വില്‍ക്കുമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എകെ സിംഗാള്‍ അറിയിച്ചു. അലിപിരിയില്‍ വച്ച് ഭക്തരെ സ്ക്രീനിങിന് വിധേയരാക്കും. ജൂണിലേക്കുള്ള മുഴുവന്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും ജൂണ്‍ എട്ടിന് തന്നെ വിറ്റഴിക്കുന്നതായിരിക്കും. 3000 ടിക്കറ്റുകള്‍ അലിപിരി ചെക്ക് പോയന്‍റ് വഴി നല്‍കുന്നതാണ്. ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും ആറടി അകലം പാലിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ജൂണ്‍ 11 മുതല്‍ രാവിലെ 6.30 മുതല്‍ 7.30 വരെ ഒരു മണിക്കൂര്‍ നേരത്തേക്ക് വിഐപി ദര്‍ശനം അനുവദിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലേക്കെത്തുന്ന വാഹനങ്ങളും അണുവിമുക്തമാക്കുന്നതാണ്. ഭക്തര്‍ക്ക് സാനിറ്റൈസറുകളും നല്‍കുന്നതാണ്. എന്നാല്‍ അന്ന പ്രസാദം പരിമിതപ്പെടുത്തിയിട്ടുണ്ട്. തിരുമലയിലെ സ്വകാര്യ ഹോട്ടലുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഗസ്റ്റ് ഹൗസുകളില്‍ രണ്ട് പേര്‍ക്ക് വീതം നല്‍കാനെ അനുമതിയുള്ളു. തല മുണ്ഡനം ചെയ്യുന്ന ആചാരം തുടരുമോയെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ജീവനക്കാരെയും പ്രദേശവാസികളെയും മാത്രം ഉള്‍ക്കൊള്ളിച്ച് ക്ഷേത്രം തുറക്കാന്‍ രണ്ട് ദിവസം മുന്‍പ് ആന്ധ്രാ സര്‍ക്കാര്‍ ടിടിഡി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ ആയതോടെ മാര്‍ച്ച് 19 മുതല്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഓരോ മാസവും 200 കോടിയുടെ നഷ്‌ടമാണ് ഇതുമൂലം ഉണ്ടായത്.