ന്യൂഡൽഹി: ഡൽഹിയിലെ ഷഹീൻ ബാഗിൽ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തിന് പാകിസ്ഥാന്‍റെ പിന്തുണയുണ്ടെന്ന് ആരോപിച്ച് ഹിന്ദു മഹാസഭ. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തണമന്ന് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്‍റ് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.
പ്രതിഷേധിക്കാനുള്ള അവകാശത്തിന് ഞങ്ങൾ എതിരല്ല എന്നാൽ അവർ പ്രതിഷേധിക്കുകയല്ല മറിച്ച്, അരാജകത്വവും ആഭ്യന്തര കലഹവും സൃഷ്‌ടിക്കുകയാണ്. 'ഇത് ഞങ്ങളുടെ പ്രദേശമാണ്' എന്ന് വിളിച്ചോതുന്ന ശക്തിപ്രകടനമാണ് ഷഹീൻ ബാഗ് പ്രതിഷേധത്തിലൂടെ കാണിക്കുന്നതെന്നും ചക്രപാണി ആരോപിച്ചു. ഷഹീൻ ബാഗ് പ്രക്ഷോഭം സംബന്ധിച്ച് അനേകം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചക്രപാണി പറഞ്ഞു.
അതേസമയം, നിർണായകമായ ഡൽഹി - നോയിഡ പാതയെ ഒരു മാസത്തിലേറെയായി തടഞ്ഞ ഷഹീൻ ബാഗ് പ്രതിഷേധത്തിനെതിരായ ഹർജി കേൾക്കുന്നതിനിടെ 'പൊതുതാൽപ്പര്യം' മനസിൽ സൂക്ഷിക്കണമെന്ന് ഡൽഹി ഹൈക്കോടതി അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.