ബീജിങ്ങ്: ഇന്ത്യയിൽ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ചൈനീസ് ടെക് ഭീമനായ യൂണികോൺ ബൈറ്റ്ഡാൻസ് ലിമിറ്റഡിന് ആറ് ബില്യൺ യുഎസ് ഡോളർ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഉൾപ്പെടെ ബൈറ്റ്ഡാൻസ് ലിമിറ്റഡിന്‍റെ മൂന്ന് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമായ വിഗോ വീഡിയോ, സോഷ്യൽ നെറ്റ്‌വർക്കിങ്ങ് ആപ്ലിക്കേഷൻ ഹലോ എന്നിവയാണ് നിരോധിച്ച മറ്റ് ആപ്ലിക്കേഷനുകൾ.
ഇന്ത്യ നിരോധിച്ച മറ്റെല്ലാ ചൈനീസ് ആപ്ലിക്കേഷനുകൾക്കും ഉണ്ടായ നഷ്ടത്തേക്കാൾ അധികമാണ് ആറ് ബില്യൺ യുഎസ് ഡോളർ എന്ന് ചൈനയുടെ കൈക്സിംഗ്ലോബൽ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ടിക് ടോക്കിന്‍റെ ആഗോള വ്യാപനത്തിന് കനത്ത പ്രഹരമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ചൈനയ്ക്ക് പുറത്തുള്ള ഉപയോക്താക്കളുടെ കണക്കിലെടുത്താൽ ഇന്ത്യ ഏറ്റവും വലിയ വിപണികളിലൊന്നാണ്.
ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാന സുരക്ഷ, പൊതു ക്രമം, പരമാധികാരം സമഗ്രത എന്നിവയ്ക്ക് വെല്ലുവിളിയാണെന്ന് ആരോപിച്ച് യുസി ബ്രൗസർ ഉൾപ്പെടെയുള്ള ചൈനീസ് ലിങ്കുകളുള്ള 59 ആപ്ലിക്കേഷനുകൾ തിങ്കളാഴ്ച ഇന്ത്യ നിരോധിച്ചിരുന്നു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിന്‍റെ സാഹചര്യത്തിലായിരുന്നു നടപടി.
അലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡ്, ബൈഡു ഇങ്ക് എന്നിവയുൾപ്പെടെ മറ്റ് വൻകിട ചൈനീസ് സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്. എല്ലാ 59 ആപ്ലിക്കേഷനുകളും ആപ്പിൾ ഇങ്ക്, ഗൂഗിൾ എൽഎൽസിയുടെ ഇന്ത്യൻ സ്റ്റോറുകൾ എന്നിവയിൽ നിന്ന് നീക്കംചെയ്‌തു.