ന്യൂഡല്‍ഹി: കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് തിക്രി, ധൻസ, ഗാസിപ്പൂർ അതിർത്തികൾ അടച്ചതായി ഡല്‍ഹി ട്രാഫിക് പൊലീസ് അറിയിച്ചു. 'തിക്രി, ധൻസ അതിർത്തികളിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മാത്രമായി ജത്തികര അതിർത്തികൾ തുറന്നിട്ടിട്ടുണ്ട്' ഡല്‍ഹി ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്‌തു.
നിലവിൽ, ഹരിയാനയില്‍ നിന്നുള്ള തുറന്നിരിക്കുന്ന അതിർത്തികൾ ജറോഡ, ദൗരല, കപഷേര, ബദുസാരായി, രാജോക്രി എൻഎച്ച് 8, ബിജ്‌വാസൻ, പലം വിഹാർ, ദുണ്ടഹേര എന്നിവയാണ്. ഗാസിയാബാദിൽ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗതാഗതത്തിനായുള്ള ഗാസിപ്പൂർ അതിർത്തി അടച്ചിരിക്കുന്നതിനാല്‍ ആനന്ദ് വിഹാർ, ഡിഎൻഡി, അപ്‌സര, ഭോപ്ര എന്നീ ബദല്‍ മാര്‍ഗങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നും ഡല്‍ഹി ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
നവംബര്‍ 26 മുതലാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ എത്തി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം 22 ദിവസം പിന്നിട്ടു. ഓരോ ദിവസം പിന്നിടും തോറും കർഷരുടെ എണ്ണം വർധിക്കുന്നുണ്ട്. ഡൽഹിയിലേക്കുള്ള പാതകൾ ഓരോന്നായി ഉപരോധിക്കുകയാണ്. മൂന്ന് നിയമങ്ങളും പിൻവലിക്കുമ്പോഴെ സമരം അവസാനിപ്പിക്കൂവെന്ന് കർഷകർ ആവർത്തിക്കുന്നുണ്ട്.