ന്യൂഡൽഹി: തിഹാർ ജയിലിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. 45 വയസുകാരനായ അസിസ്റ്റന്‍റ് സൂപ്രണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.തിഹാർ ജയിലിലെ സ്റ്റാഫ് റെസിഡൻഷ്യൽ കോംപ്ലക്സിലാണ് ഇയാൾ താമസിച്ചിരുന്നത്. സെൻട്രൽ ജയിൽ നമ്പർ ഏഴിലെ ഉദ്യോഗസ്ഥനാണ്.
വെള്ളിയാഴ്ച അസിസ്റ്റന്‍റ് സൂപ്രണ്ട് അവധിയെടുത്ത് നാട്ടിൽ പോയിരുന്നതായും എന്നാൽ ഇദ്ദേഹം രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു.വീട്ടിൽ പോകുന്നതിന് മുമ്പ് മെയ് 22 ന് അമ്രപാലി ആശുപത്രിയിൽ വെച്ചാണ് ഇയാളെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. തുടര്‍ന്ന് ഞായറാഴ്ച രോഗം സ്ഥിരീകരിക്കുകയായിരുന്നു.
രോഗ ബാധിതനാണെന്ന സംശയത്തെത്തുടര്‍ന്ന് ക്വാറന്‍റൈനിൽ കഴിയുന്ന മറ്റൊരു ജീവനക്കാരനുമായി ഇയാൾക്ക് അടുത്ത് ബന്ധം ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.ഇവരെ കൂടാതെ മറ്റ് രണ്ട് ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേര്‍ നിലവിൽ ക്വാറന്‍റൈനിൽ കഴിയുന്നുണ്ടെന്നും രോഗ ലക്ഷണങ്ങളുള്ള മൂന്ന് തടവുകാരെ ഒറ്റപ്പെട്ട ബാരക്കിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു.
മുൻകരുതൽ നടപടിയായി, കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്‍റെ അയൽവാസികളായ ഒമ്പത് പേരോട് ക്വാറന്‍റൈനിൽ കഴിയാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ വിവിധ ഡൽഹി ജയിലുകളിലെ ജോലിക്കരാണ്.രോഹിണി ജയിലിൽ നിന്നുള്ള 18 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ച ഡെപ്യൂട്ടി സൂപ്രണ്ട് ജോലി ചെയ്തിരുന്ന മണ്ടോളി ജയിലിൽ നിന്നും ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.