ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. തൂക്കിലേറ്റുന്നതിന് മുന്നോടിയായി പ്രതികളുടെ അവസാന ആഗ്രഹം അറിയിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് തിഹാർ ജയിൽ അധികൃതർ.
പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച, സ്വത്ത് കൈമാറ്റം, പുസ്തകങ്ങൾ, മതപരമായോ ആത്മീയ പരമായോ ഉള്ള വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയവയാണ് പ്രതികൾക്ക് അനുവദിച്ചിരിക്കുന്ന അവസാന ആഗ്രഹങ്ങൾ. എന്നാൽ പ്രതികൾ ഇക്കാര്യത്തിൽ ഇതുവരെ അധികാരികളോട് പ്രതികരിച്ചിട്ടില്ല.
2012 ഡിസംബർ 16 ന് നടന്ന കേസിൽ പട്യാല ഹൗസ് കോടതി കഴിഞ്ഞ ദിസവം മരണ വാറാന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ ബാക്കി നില്‍ക്കേ രണ്ട് പ്രതികൾ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നില്ലെന്നും മറ്റൊരു പ്രതിയായ വിനയ് മരണ വാറന്‍റ് പുറപ്പെടുവിച്ച അന്ന് മുതൽ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും നിർത്തിയിരിക്കുകയാണെന്നും ജയിൽ അധികൃതർ പറയുന്നു.
നാലുപേരും ഇരുപത്തി നാല് മണിക്കൂർ നിരീക്ഷണത്തിലാണ്. ഇവരെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് പുറത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പൊലീസുകാരെ കാവൽ നിർത്തിയിരിക്കുന്നത്.