ഭുവനേശ്വർ: ഫാനി ചുഴലിക്കാറ്റിന് ശേഷമുള്ള സംസ്ഥാനത്തിന്‍റെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച ഒഡീഷ സന്ദർശിക്കും. കനത്ത കാറ്റിൽ എട്ട് പേരാണ് മരിച്ചത്. 20 വർഷത്തിനിടയിൽ ഇന്ത്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫാനി. ഒഡീഷയിലെ കനത്ത നാശത്തിന് പ്രധാനമന്ത്രി സംസ്ഥാനത്തിന് 1000 കോടിയുടെ ധനസഹായം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഫാനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ നിർത്തി വച്ചിരുന്ന വിമാന സർവ്വീസുകൾ ഇന്ന് രാവിലെ മുതൽ പുനഃരാരംഭിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിമാനയാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികളെടുക്കാനും വ്യോമസേന മന്ത്രാലയ സെക്രട്ടറി നിർദ്ദേശം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഒഡീഷയിൽ കാറ്റിന്‍റെ ശക്തി കുറഞ്ഞ് വരികയാണെന്നും ഉച്ചയോടെ ഫാനി ബംഗ്ളാദേശ് തൊടും.