ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ മൂന്ന് വയസുകാരനെ പുലി കടിച്ച് കൊന്നതായി ആരോപണം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മാതാപിതാക്കളുടെ കൂടെ വീടിന് പുറത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ട് പോയതായി വീട്ടുകാർ പറയുന്നു.
പ്രദേശത്തെ ഉയർന്ന ചൂട് കണക്കിലെടുത്താണ് ഇവർ വീടിന് പുറത്ത് ഉറങ്ങിയതെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. പുലിയെ കണ്ടെത്തുന്നതിനായി ഫോറസ്റ്റ് അധികൃതർ തെരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച വനം മന്ത്രി ആനന്ദ് സിംഗ് കുടുംബത്തിന് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.