പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാറിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതൊടെ കേന്ദ്ര ഭരണ പ്രദേശത്തെ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പതായി. രോഗബാധിതർ ജിബി പന്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹിയിൽ മതപരമായ പരിപാടിയിൽ പങ്കെടുത്ത് മാർച്ച് 24ന് കൊൽക്കത്ത വഴിയാണ് പോർട്ട് ബ്ലെയറിൽ എത്തിയത്. തുടർന്ന രോഗ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പ്രദേശവാസികളുമായി ഇടപഴകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. രോഗികൾ സഞ്ചരിച്ച രണ്ട് വിമാനങ്ങളിലെ യാത്രക്കാർ, വിമാനത്താവളത്തിൽ പരിശോധന നടത്തിയ പൊലീസുകാർ, മെഡിക്കൽ സംഘം, ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസുകളുടെ സ്റ്റാഫ് എന്നിവരുടെയടക്കം കോൺടാക്റ്റ്-ട്രെയ്‌സിങ് പ്രക്രിയ പ്രാദേശിക ഭരണകൂടം ആരംഭിച്ചു. സൗത്ത് ആൻഡമാൻ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണർ കോൺടാക്റ്റ് കണ്ടെത്തുന്നതിനായി 75 ടീമുകളെ തയ്യാറാക്കിയിട്ടുണ്ട്. നോർത്ത്, മിഡിൽ ആൻഡമാൻ, നിക്കോബാർ ജില്ലകളിലും സമാന സമിതികൾ രൂപീകരിച്ചിട്ടുണ്ട്.