ന്യൂഡൽഹി: കഴിഞ്ഞ 20 ദിവസത്തിനിടെ ഇന്ത്യ ചൈന അതിർത്തിയിൽ മൂന്ന് വെടി വയ്പ്പുകൾ ഉണ്ടായെന്ന് റിപ്പോർട്ടുകൾ. 45 കൊല്ലമായി നിയന്ത്രണരേഖയിൽ ഒരു വെടി വയ്പ്പ് പോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യം മറികടന്നാണ് കഴിഞ്ഞ 20 ദിവസത്തിനിടെ അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടി വയ്പ്പുകൾ ഉണ്ടായിട്ടുള്ളത്.
ആദ്യ സംഭവം നടന്നത് ഓഗസ്റ്റ് 29 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ്. പാങ്കോംഗ് തടാകത്തിന് തെക്ക് ഭാഗം കൈയടക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു. തുടർന്നാണ് ആദ്യ വെടിവയ്പ്പ് ഉണ്ടായത്. രണ്ടാമത്തെ വെടിവയ്പ്പ് സെപ്റ്റംബർ 7 ന് മുഖ്‌പാരി മേഖയിലാണ് നടന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
സെപ്റ്റംബർ എട്ടിന് പാങ്കോംഗ് തടാകത്തിന്‍റെ വടക്കൻ തീരത്താണ് മൂന്നാമത്തെ വെടി വയ്പ്പ് നടന്നത്. ഇരു വിഭാഗത്തിന്‍റെയും സൈനികർ നൂറിലധികം തവണ വെടിയുതിർത്തെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ മോസ്കോയിൽ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്ത സമയത്താണ് മൂന്നാമത്തെ സംഭവം അരങ്ങേറിയത്. ഈ ഉച്ചക്കോടിക്കിടെ വിദേശകാര്യമന്ത്രി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളുടെയും ചർച്ചകൾ പ്രകാരം, കമാൻഡർ തലത്തിലുള്ള ചർച്ചകൾ നടത്താൻ തീരുമാനമായിരുന്നു. എന്നാൽ ചൈനയുടെ ഭാഗത്ത് നിന്ന് ചർച്ചയ്ക്കുള്ള തീയതിയോ സമയമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഏപ്രിൽ-മെയ് മാസങ്ങൾ മുതൽ ഇന്ത്യയും ചൈനയും തമ്മിൽ നിരവധി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ കാര്യമായ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ല.