ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ച് മുതല്‍ തടങ്കലില്‍ കഴിഞ്ഞ മൂന്ന് നേതാക്കളെ ജമ്മു കശ്‌മീര്‍ ഭരണകൂടം മോചിപ്പിച്ചു. മുന്‍ പി.ഡി.പി എം.എല്‍.എ യവാര്‍ മിര്‍, നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകന്‍ നൂര്‍ മുഹമ്മദ്, നോര്‍ത്ത് കശ്‌മീരില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഷൊയിബ് ലോണ്‍ എന്നിവരെയാണ് മോചിപ്പിച്ചത്. സമാധാനം പുലര്‍ത്തുമെന്ന് ഉറപ്പ് നല്‍കികൊണ്ടുള്ള ബോണ്ടില്‍ ഒപ്പ് വെച്ചതിന് ശേഷമാണ് നൂര്‍ മുഹമ്മദിനെ മോചിപ്പിച്ചത്.
പീപ്പിൾസ് കോണ്‍ഫറന്‍സിലെ ഇമ്രാന്‍ അന്‍സാരിയെയും സയ്യിദ് അഖൂനിനെയും ആരോഗ്യപ്രശ്‌നങ്ങൾ മുന്‍നിര്‍ത്തി നേരത്തെ മോചിപ്പിച്ചിരുന്നു. രാഷ്‌ട്രീയ നേതാക്കൾ, ആക്‌ടിവിസ്റ്റുകൾ, അഭിഭാഷകര്‍ തുടങ്ങി ആയിരത്തിലധികം പേര്‍ കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് തടവിലായിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്‌ദുള്ള, ഒമര്‍ അബ്‌ദുള്ള, മെഹബൂബ മുഫ്‌തി എന്നിവരും ഇതില്‍ ഉൾപ്പെടുന്നു. 250ലധികം പേരെ ജമ്മു കശ്‌മീരിന് പുറത്തുള്ള ജയിലുകളിലേക്കും മാറ്റിയിരുന്നു.