ചെന്നൈ: തൂത്തുക്കുടിയിൽ പിതാവിന്‍റെയും മകന്‍റെയും കസ്റ്റഡി മരണത്തിൽ പൊലീസ് സൂപ്രണ്ട് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും കർഫ്യൂ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് എസ്‌പി വീഡിയോ കോൺഫറൻസ് വഴി കോടതിയെ അറിയിച്ചു.
ലോക്ക് ഡൗൺ സമയത്ത് മൊബൈൽ കട പ്രവർത്തിച്ചതിനാണ് പി. ജയരാജിനെയും മകൻ ബെനിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. ഈ മാസം 21ന് ഇവരെ കോവൽപട്ടി ജയിലിൽ അടച്ചു. കർഫ്യൂ നിയമലംഘനത്തിന് ഇവക്കെതിരെ കേസെടുത്തു. ശേഷം 22ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെനിക്‌സ് അന്നേദിവസം തന്നെ മരിച്ചു, ജയരാജ് അടുത്ത ദിവസം രാവിലെ മരിച്ചു. സംഭവത്തിൽ രണ്ട് എസ്‌ഐമാരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് ജയിൽ അധികൃതർക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തു. സംഭവത്തിൽ മധുര ബെഞ്ച് സ്വമേധയാ കേസെടുക്കുകയും സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്‌തു. കോവിൽപട്ടി ജയിലിൽ പോയി അഡ്‌മിനിസ്ട്രേറ്റീവ്, മെഡിക്കൽ രേഖകൾ ശേഖരിക്കാനും കേസുമായി ബന്ധപ്പെട്ട എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനും ബെഞ്ച് കോവിൽപട്ടി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നിർദേശം നൽകി. സംഭവത്തിൽ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.