ലേ: ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട് 12 മണിക്കൂർ നീണ്ടുനിന്ന മൂന്നാംഘട്ട കമാൻഡർതല കൂടിക്കാഴ്‌ച അവസാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ചുഷുളിൽ വെച്ച് നടന്ന ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്‌ച ചൊവ്വാഴ്‌ച രാത്രി 11 മണിക്കാണ് അവസാനിച്ചത്. ആദ്യത്തെ രണ്ട് കൂടിക്കാഴ്‌ചകളും ചൈനീസ് നിയന്ത്രണരേഖയുടെ ഭാഗത്തുള്ള മോൾഡോയിലാണ് നടന്നത്. ജൂൺ 22 ന് നടന്ന രണ്ടാംഘട്ട ചർച്ചയിൽ കിഴക്കൻ ലഡാക്ക് മേഖലയിൽ നിന്ന് പിരിഞ്ഞുപോകുമെന്ന് ഇരുപക്ഷവും തീരുമാനിച്ചിരുന്നു.
. ജൂൺ ആറിനാണ് ഇരുരാജ്യങ്ങളുടെയും കമാൻഡർമാർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ച നടന്നത്. നിയന്ത്രണരേഖയിൽ നിന്ന് മെയ് നാലിന് മുമ്പ് തിരിച്ചുപോകണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂൺ 15ന് ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് സൈനികരിൽ 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.