ഹൈദരാബാദ്: ലോകത്താകെ പടർന്നുപിടിച്ച മഹാമാരി, കൊവിഡ് 19 വൈറസിന്‍റെ പിടിയിലകപ്പെട്ട് ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം 16,500 കടന്നിരിക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 3,78,846 ആയി . മിനിട്ടുകൾ കൊണ്ട് ഈ കണക്കുകൾ മാറുന്നത് കാണാം. സ്ഥിതി അത്രയും ഗുരുതരം.
മാസ്‌കുകൾ, വെന്‍റിലേറ്ററുകൾ എന്നിവയുടെ അഭാവം ലോകത്തിലെ സാമ്പത്തിക ശക്തികളായ യുഎസിനെയും യൂറോപ്പിനെയും വരെ അലട്ടുന്നു. ഇവിടെ ജനങ്ങളോട് വീട്ടിലിരിക്കാനാണ് നിർദ്ദേശം. വൈറസിനെ ചെറുക്കാനുള്ള നീക്കത്തിൽ ഈ ആഴ്‌ച വളരെ സുപ്രധാനമാണെന്ന് മനസിലാക്കി ഇപ്പോളിതാ യൂറോപ്യൻ രാജ്യമായ ബ്രിട്ടനും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.
രാജ്യങ്ങൾ ശക്തമായ ഏകോപന നടപടികളാണ് ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ടതെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം. 137 കോടി ജനങ്ങൾ വസിക്കുന്ന നമ്മുടെ ഇന്ത്യയിൽ റെയിൽ സംവിധാനം അടച്ചുപൂട്ടാനുള്ള അസാധാരണമായ നടപടിയിൽ കൊണ്ടെത്തിച്ചതും ഭീതി വർധിപ്പിക്കുന്നു.
ഈ വർഷത്തെ ടോക്കിയോ സമ്മർ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കാമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ അറിയിച്ചു. അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിലെ സ്ഥിതിഗതികൾ പരിശോധിക്കുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും അറിയിപ്പ് നൽകി. സായുധ സംഘട്ടനം ഒഴിവാക്കി ജീവിതത്തിന്‍റെ യഥാർഥ പോരാട്ടത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അറിയിച്ചു കഴിഞ്ഞു.
കൊവിഡ് തകർത്തത് ഇറ്റലിയെയാണ്. ദിനംപ്രതിയുള്ള മരണങ്ങളും പോസിറ്റീവ് കേസുകളും രാജ്യത്തെ തളർത്തിക്കൊണ്ടിരിക്കുന്നു. പ്രതീക്ഷകളെല്ലാം മങ്ങുന്ന സ്ഥിതിയിൽ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ തേടി രാജ്യങ്ങൾ വലയുന്ന സാഹചര്യം. രോഗത്തെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിച്ചേ മതിയാകൂ. രോഗം വന്നിട്ട് നോക്കാമെന്നല്ല, വരാതെ നോക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.