ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിയിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇത് വളരെ നീണ്ട പോരാട്ടമാണ്. ഇത് അടുത്ത തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസമോ നാളെയോ അവസാനിക്കില്ല. എന്നാൽ ഇതിനായി നിങ്ങൾക്ക് വളരെയധികം ക്ഷമ ആവശ്യമാണ്. ഇവിടെയുള്ള ആളുകൾ ക്ഷീണിതരായി വീട്ടിലേക്ക് പോകാൻ അവർ കാത്തിരിക്കുകയാണെന്നും അതിനാൽ ക്ഷമയോടെ നിങ്ങൾ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വരുന്നത് ആദ്യമായാണ്. വരാൻ സാധിച്ചതില്‍ സന്തോഷം. മൂന്ന് മാസം മുമ്പ് നമ്മൾ മരിച്ചു എന്നാണ് തോന്നിയത്. ഇവിടെ എത്തിയപ്പോൾ ജീവൻ വെച്ചു. നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ധൈര്യമാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അവർ പറയുന്നതും ചെയ്യുന്നതും രണ്ടാണ്. എത്ര മറഞ്ഞിരുന്നാലും ഒരു ദിവസം മറുപടി നൽകേണ്ടിവരുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.
പൊലീസ് അടക്കം എല്ലാം അവരുടെ കയ്യിലാണ്. തെരഞ്ഞെടുപ്പ് ജയിക്കണം എന്ന് മാത്രമാണ് അവരുടെ ചിന്ത. ആളുകളെ എണ്ണാനേ സർക്കാരിനറിയൂ. ഇതൊന്നും കോടതി കാണുന്നില്ലേയെന്നും അനുരാഗ് കശ്യപ് ചോദിച്ചു. ജാമിഅയിൽ അക്രമം നടത്തിയവരെ ഉടൻ ശിക്ഷിക്കണം. ഗാർഗി കോളജ് ലൈംഗികാതിക്രമ കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയപ്പോള്‍ കഫീൻ ഖാനെ ജാമ്യം ലഭിച്ചിട്ടും വിടുന്നില്ല. പ്രകോപനങ്ങൾ എന്തൊക്കെ ഉണ്ടായാലും പോരാട്ടം തുടരുകയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. വിവാദ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഐക്യത്തിന്‍റെ ഒരു സൂചന ലോകത്തിന് നല്‍കിയിട്ടുണ്ടെന്നും കശ്യപ് അവകാശപ്പെട്ടു. ജാമിഅ മുതല്‍ ജെഎന്‍യു വരെ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ആദ്യമായി നാം ഒന്നാണെന്ന് അനുഭവപ്പെടുത്തി. നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും നാം തിരിച്ചെടുക്കണം. 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചാണ് കശ്യപ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.