ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശത്ത് 4 ജി സേവനങ്ങൾ പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഭീകരപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഇന്‍റർനെറ്റ് ദുരുപയോഗം ചെയ്യുമെന്നും വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നതിലൂടെ ക്രമസമാധാനവും സുരക്ഷയും തകര്‍ക്കുമെന്നും ജമ്മു കശ്‌മീര്‍ ഭരണകൂടം ചൂണ്ടിക്കാട്ടി.
കേന്ദ്രഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളും അതിർത്തി കടന്നുള്ള ഭീകര പ്രവര്‍ത്തകരും ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഇന്‍റര്‍ നെറ്റ് സേവനം ഉപയോഗപ്പെടുത്തും. വ്യാജ വാർത്തകളും ടാർഗെറ്റ് ചെയ്‌ത സന്ദേശങ്ങളും കൈമാറുന്നതിലൂടെ ആളുകൾക്കിടയില്‍ സ്‌പര്‍ധ വളര്‍ത്തുമെന്നും ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രഭരണ പ്രദേശത്ത് 4 ജി ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 'ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണല്‍' സമർപ്പിച്ച ഹര്‍ജിക്ക് മറുപടിയാണിത്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്), തെഹ്‌റീക്കി-മിലാത്ത്-ഇ-ഇസ്ലാമി (ടിഎംഐ) എന്നിവ യുവാക്കളെ ഭീകരസംഘടനകളില്‍ ചേരാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇവര്‍ ആശയവിനിമയം നടത്തുന്നതിനും മനോവീര്യം ഉയർത്തുന്ന സന്ദേശങ്ങൾ അയക്കുന്നതിനും പ്രത്യേക ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ട്. 2 ജി മൊബൈൽ ഡാറ്റ സേവനങ്ങളാ്ണെങ്കില്‍ ഇത്തരം ആപ്ലിക്കേഷനുകളുടെ ഉപയോഗം ഒരുപരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും.
അതിവേഗ ഇന്‍റർനെറ്റ് സൗകര്യം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും വലിയ ഡാറ്റ ഫയലുകൾ (ഓഡിയോ / വീഡിയോ ഫയലുകൾ) കൈമാറ്റം ചെയ്യാനും ഉപയോഗിക്കും. ഇത് ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും മറ്റും തീവ്രവാദ സംഘടനകൾ ഉപയോഗപ്പെടുത്താമെന്നും ജമ്മു കശ്‌മീർ ഭരണകൂടം വ്യക്തമാക്കി. കൊവിഡിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും വഴി 4 ജി സേവനം ദുരുപയോഗം ചെയ്യുകയുമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.