ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ പൊലീസും സൈനികരും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കൂടാതെ, ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് ജീവൻ നഷ്‌ടപ്പെട്ടു. ദോഡയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. തീവ്രവാദികളുടെ ഒളിത്താവളത്തിന് ചുറ്റും സുരക്ഷാ സേന വളഞ്ഞപ്പോൾ ഭീകരപ്രവര്‍ത്തകർ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ദോഡ പട്ടണത്തിൽ നിന്നും 26 കിലോമീറ്റർ അകലെയുള്ള ഗുണ്ടാന പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സൈനികൻ മരിച്ചത്. രണ്ട് ഭീകരവാദികൾ വീടിനുള്ളിൽ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ രാഷ്ട്രീയ റൈഫിൾസ്, പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ദോഡ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടുന്നത്. ജനുവരി 15ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ഹാരൂൺ അബ്ബാസിനെ സുരക്ഷാ സേന വധിച്ചിരുന്നു. കൂടാതെ, ഈ മാസം ആദ്യം രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെയും ജില്ലയിൽ നിന്നും പിടികൂടിയിട്ടുണ്ട്.