ഹൈദരാബാദ്: തെലുങ്ക് ടെലിവിഷൻ താരം കൊണ്ടാപള്ളി ശ്രാവണി (26) തൂങ്ങി മരിച്ച നിലയിൽ. തെലങ്കാനയിലെ മധുരനഗറിലെ വീട്ടിനുള്ളിലാണ് നടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുറിയിലേക്ക് മടങ്ങി വാതിലടച്ച ശ്രാവണി സമയമേറെയായിട്ടും വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ വാതിൽ പൊളിച്ച് മുറിക്കുള്ളിൽ കടന്നപ്പോഴാണ് കുളിമുറിയിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
താരവുമായി പ്രണയത്തിലായിരുന്ന ദേവരാജ് റെഡ്ഡിയിൽ നിന്നുള്ള പീഡനമാണ് മരണത്തിന് കാരണമെന്ന് ശ്രാവണിയുടെ കുടുംബം ആരോപിച്ചു. നടിയുടെ ഫോട്ടോഗ്രാഫുകളും മറ്റും ഉപയോഗിച്ച് പണത്തിന് വേണ്ടി ഇയാൾ ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറയുന്നു. എന്നാൽ, ദേവരാജുമായുള്ള ബന്ധം വീട്ടുകാർ എതിർത്തിരുന്നതായും ചൊവ്വാഴ്‌ച രാത്രി ഇതിനെച്ചൊല്ലി അമ്മയും സഹോദരനുമായും തർക്കമുണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ നിന്ന് ബോധ്യമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ എട്ട് വർഷമായി തെലുങ്ക് പരമ്പരകളിൽ സജീവമായ താരം മൗനരാഗം, മനസു മമത തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധ നേടിയിരുന്നു.