ന്യൂഡല്‍ഹി: കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ എയിംസില്‍ ആരംഭിച്ച 24x7 ടെലികണ്‍സല്‍ടേഷന്‍ സെന്‍റര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഡോക്ടര്‍മാര്‍ക്കായാണിത്. ശ്വാസ കോശസംബന്ധമായ ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് എയിംസിലെ ഡോകര്‍മാര്‍ മറുപടി പറയും. വാട്സ് ആപ്പ്, സ്കൈപ്പ്, വീഡിയോ കോണ്‍ഫ്രന്‍സ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ മറ്റ് മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും കഴിയുന്ന കൊവിഡ്-19 രോഗികളെ എയിംസിലെ ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമാകും.
രാജ്യത്തെ 50 മെഡിക്കല്‍ കോളജുകളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ടെലി കണ്‍സല്‍ടേഷന്‍ സെന്‍റര്‍ തുറന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് എവിടെയുള്ള ഡോക്ടര്‍മാര്‍ക്കും 9115444155 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.