ഹൈദരാബാദ്: തെലങ്കാനയിൽ പുതുതായി 2,924 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,23,090 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 10 പേർ കൂടി മരിച്ചതോടെ ഇതുവരെ 818 രോഗികൾക്ക് വൈറസ് ബാധയിൽ ജീവൻ നഷ്‌ടമായി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത് 90,988 പേരാണ്. 31,284 പേര്‍ ചികിത്സയിൽ തുടരുന്നു.
തെലങ്കാനയിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുള്ളത് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ്. ഇവിടെ 461 കൊവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്. 213 പുതിയ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച രംഗറെഡ്ഡി ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കരിംനഗറിൽ 172 പേർക്കും ഖമ്മത്തില്‍ 181 പേർക്കും മെഡ്‌ചൽ മൽക്കാജ്‌ഗിരിയിൽ 153 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ, നൽഗൊണ്ടയിൽ 171 കേസുകളും നിസാമബാദിൽ 140 കേസുകളും സൂര്യപേട്ടിൽ 118 കേസുകളും വാറങ്കൽ അർബനിൽ 102 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
സംസ്ഥാനത്തെ 33 ജില്ലകളിലും പുതുതായി കണ്ടെത്തുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ടക്കസംഖ്യയാണ്. ഓഗസ്റ്റ് 29ന് 61,148 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് മൊത്തം 13,27,791 സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. തെലങ്കാനയിൽ 0.66 ശതമാനവും രാജ്യത്ത് 1.79 ശതമാനവുമാണ് മരണനിരക്ക്. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 73.9 ശതമാനമാണ്. രാജ്യത്ത് ഇത് 76.63 ശതമാനമാണ്.