ഹൈദരാബാദ്: തെലങ്കാനയില്‍ അനധികൃതമായി കഫ് സിറപ്പ് വില്‍പന നടത്തിയ ഒരാള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നാടോടികള്‍ക്കുമാണ് ഇയാള്‍ വില്‍പന നടത്തിയത്. വിവരം ലഭിച്ചതിനനുസരിച്ച് ദറുസലാമിലെ അഗര്‍വാള്‍ ഫാര്‍മസിയില്‍ നടത്തിയ റെയ്‌ഡിലാണ് ജയന്ത് അഗര്‍വാള്‍ എന്നയാള്‍ അറസ്റ്റിലായത്. ഹൈദരാബാദ് കമ്മിഷണറുടെ ടാസ്‌ക് ഫോഴ്‌സും, സെന്‍ട്രല്‍ സോണ്‍ ടീം, ഡ്രഗ് ഇന്‍സ്‌പെക്‌ടര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെയും ഉയര്‍ന്ന വിലക്കുമാണ് ഇയാള്‍ മരുന്ന് വിറ്റഴിച്ചിരുന്നത്. ഫാര്‍മസിയില്‍ നിന്നും കോഡിമാക്‌സ് കഫ് സിറപ്പിന്‍റെ 90 ബോട്ടിലുകളും, യു ലിന്‍റുസ് കഫ് സിറപ്പിന്‍റെ 64 ബോട്ടിലുകളുമാണ് കണ്ടെത്തിയത്.
ചുമയ്‌ക്ക് ഉപയോഗിക്കുന്നതാണ് ഈ രണ്ട് മരുന്നുകളും. ഇവ ഡോക്‌ടറുടെ ശുപാര്‍ശ അനുസരിച്ച് മാത്രം ഉപയോഗിക്കേണ്ടതാണെന്നും പൊലീസ് പറഞ്ഞു. രജിസ്റ്റര്‍ ചെയ്‌ത മെഡിക്കല്‍ പ്രാക്‌ടീഷ്‌ണറുടെ കുറിപ്പടിയില്ലാതെ ഇവ വില്‌പന നടത്തരുതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇവ ഉപയോഗിക്കുന്നത് വഴി മരുന്നിന് അടിമപ്പെടുമെന്നും കുട്ടികളും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരും ഇത് വീണ്ടും ഉപയോഗിക്കുമെന്നും പൊലീസ് പറഞ്ഞു. മദ്യം കഴിച്ചത് പോലുള്ള അവസ്ഥ മരുന്ന് കഴിക്കുന്നത് മൂലം ഉണ്ടാകുന്നതിനാല്‍ ഇത് ഉപയോഗിക്കുന്നയാള്‍ക്ക് അപകടമുണ്ടാക്കാന്‍ ഇടയുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്.