ഹൈദരാബാദ്: ലോക് ഡൗണിനെ തുടര്‍ന്ന് തെലങ്കാനയില്‍ കുടുങ്ങിയ ഗര്‍ഭിണിക്ക് സഹായവുമായി തെലങ്കാന സര്‍ക്കാര്‍ . ആന്ധ്രാപ്രദേശിലെ ഒങ്കോൾ സ്വദേശിയായ യുവതി മാതാപിതാക്കളോടൊപ്പം തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ കോത്തപ്പള്ളി ഗ്രാമത്തില്‍ താമസിച്ചു വരികയായിരുന്നു. പ്രസവ തിയ്യതി അടുത്തതിനെ തുടര്‍ന്ന് യുവതി കരിംനഗറിലെ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും ആശുപത്രി മാനേജ്മെന്‍റ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. തുക താങ്ങാൻ കഴിയാത്തതിനാൽ കുടുംബം സ്വന്തം സ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിച്ചു.
എന്നാല്‍ ലോക് ഡൗണിനെ തുടര്‍ന്ന് കുടുംബം തെലങ്കാനയിൽ കുടുങ്ങി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ മന്ത്രി ഈതേല രാജേന്ദ്രന്‍ ഇടപ്പെട്ട് യുവതിയെ ഹുസുരാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് മന്ത്രി ഹുസുരാബാദ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തു. യുവതി ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നല്‍കി. തന്നെ ആശുപത്രിയിലേക്ക് അയച്ചതിനും മികച്ച ചികിത്സ നല്‍കിയതിനും മന്ത്രിയോടും ഡോക്ടർമാരോടും യുവതി നന്ദി അറിയിച്ചു.