ഹൈദരാബാദ്: സംസ്ഥാനത്ത് നടത്തുന്ന കൊവിഡ്-19 പരിശോധനകളെ കുറിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ തെലങ്കാന ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കൊറോണ വൈറസ് കേസുകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് ബുധനാഴ്ച ഇത് സംബന്ധിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേട്ട കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് രഘവേന്ദ്ര സിങ് ചൗഹാൻ, ജസ്റ്റിസ് ബി.വിജയൻ റെഡ്ഡി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തെലങ്കാന പബ്ലിക് ഹെൽത്ത് ഡയറക്ടർ സമർപ്പിച്ച വിശദാംശങ്ങളിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ നിലവിലെ കൊവിഡ്-19 അവസ്ഥയെക്കുറിച്ച് വിശദമായ റിപ്പോർട്ട് ജൂലൈ 17 നകം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിര്‍ദേശിച്ചു.
റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയോടും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരോടും ഹാജരാക്കാൻ സമൻസ് അയക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്ത് നടത്തുന്ന കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം, കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ വിവരണം ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. പ്രൊഫ.പി.എല്‍ വിശ്വേശ്വര്‍ റാവു അടക്കമുള്ള ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദ് സന്ദർശിച്ച കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. തെലങ്കാനയിൽ ഇന്നലെ 1018 പുതിയ കൊവിഡ്-19 കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17357 ഉം മരണസംഖ്യ 267 ഉം ആണ്.