ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച സാഹചര്യങ്ങൾ അന്വേഷിക്കുന്നതിനായി സുപ്രീംകോടതി രൂപീകരിച്ച മൂന്നംഗ പാനലിന് 1,300 ഓളം സത്യവാങ്മൂലങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ.
ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന് മറുപടിയായി കമ്മിഷൻ ഓഫീസിൽ 1,365 സത്യവാങ്മൂലങ്ങൾ ലഭിച്ചതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഏറ്റുമുട്ടലിൽ മരിച്ച മൂന്ന് പേരുടെയും കുടുംബാംഗങ്ങൾ മാർച്ച് അഞ്ചിന് സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ജൂൺ 15 നാണ് ഇതിന്‍റെ വിവരം ലഭിച്ചത്.
സംഭവത്തിൽ മുൻ സുപ്രീംകോടതി ജഡ്ജി വി എസ് സിർപുർകറുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മിഷൻ ഫെബ്രുവരി മൂന്നിന് ആദ്യ സിറ്റിംഗ് നടത്തി. തുടർന്ന്, രാജ്യത്തുടനീളം കൊവിഡ് വ്യാപിച്ചത് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ യോഗം ചേരാനായില്ല. തുടർന്ന് സംഭവത്തെക്കുറിച്ച് അറിവുള്ള എല്ലാവരോടും അവരുടെ അറിവിലുള്ള വസ്തുതകൾ വെളിപ്പെടുത്തി സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന് ഫെബ്രുവരി അഞ്ചിന് കമ്മിഷന്‍റെ നിർദേശപ്രകാരം പൊതു അറിയിപ്പ് പുറപ്പെടുവിച്ചു.
കഴിഞ്ഞ വർഷം നവംബർ 29നാണ് വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നാല് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഡിസംബർ ആറിന് സൈബരാബാദ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പേരും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ തെലങ്കാന സർക്കാർ രചക്കൊണ്ട പൊലീസ് കമ്മിഷണർ മഹേഷ് ഭഗവത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്‌ഐടിയിൽ നിന്നുള്ള മിക്ക രേഖകളും പൊതു അറിയിപ്പിന് മറുപടിയായി ലഭിച്ച സത്യവാങ്മൂലങ്ങളും തെലുങ്ക് ഭാഷയിലായതിനാൽ കമ്മിഷൻ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
മാർച്ച് 23, 24 തീയതികളിൽ കമ്മിഷൻ സിറ്റിങ് നടത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് മൂലം ഇത് താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഓൺലൈൻ ഹിയറിംഗുകളും സിറ്റിങുകളും നടത്താനുള്ള സാധ്യതയും കമ്മിറ്റി പരിശോധിച്ചു.
എന്നാൽ, വെർച്വൽ ഹിയറിംഗ് പ്രായോഗികമല്ലെന്ന് കണ്ടെത്തുകയായിരുന്നു. അതേ സമയം, പരിമിതികൾ ഉണ്ടെങ്കിലും കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും ഹിയറിങ് വേഗത്തിൽ പൂർത്തിയാക്കാൻ വിവിധ വഴികൾ തേടുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.