ഹൈദരാബാദ്: രാച്ചക്കണ്ട പോലീസ് കമ്മീഷണറേറ്റിലെ കോണ്‍സ്റ്റബിള്‍ ശിവകുമാറാണ് പിറന്നാളാഘോഷം നടത്തിയത്. ഇയാള്‍ കൊവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് പോലീസുകാർക്കിടയിൽ കൊവിഡ് വ്യാപിപ്പിക്കാൻ കാരണമായി. സംഭവത്തെത്തുടര്‍ന്ന് ശിവകുമാറിനെ രാച്ചക്കണ്ട പോലീസ് കമ്മീഷണർ മഹേഷ് ഭഗവത് സസ്പെന്‍റ് ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മറ്റ് രണ്ട് കോൺസ്റ്റബിൾമാർക്ക് ചാർജ് മെമ്മോ നൽകി. ഹൈദരാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള കീസാരയിലെ ഒരു റിസോർട്ടിൽ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായായിരുന്നു ശിവകുമാര്‍ പിറന്നാൾ ആഘോഷം നടത്തിയത്. എല്ലാവരും പാർട്ടിയിൽ മദ്യം കഴിച്ചു. പാർട്ടിയുടെ ചിത്രം ശിവകുമാർ അദ്ദേഹത്തിന്‍റെ വാട്ട്‌സ്ആപ്പ് ഡിപിയായി പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നം ഉന്നതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ശിവകുമാറിനോടും പാർട്ടിയിൽ പങ്കെടുത്ത മറ്റ് രണ്ട് കോൺസ്റ്റബിൾമാരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചതോടെ ശിവകുമാറിനും കോൺസ്റ്റബിൾ നവീനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് കമ്മീഷണർ ഡെപ്യൂട്ടി പോലീസ് കമ്മീഷണറോട് ഉത്തരവിട്ടു. പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവർക്കെതിരായ നടപടിയും പോലീസ് ആലോചിക്കുകയാണ്. പകർച്ചവ്യാധി കണക്കിലെടുത്ത് ഒരു പാർട്ടികളും സംഘടിപ്പിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.