ഹൈദരാബാദ് : രക്താര്‍ബുദവുമായി പോരാടുന്ന പതിനേഴുകാരിയുടെ പൊലീസ് കമ്മീഷണര്‍ ആകണമെന്ന ആഗ്രഹം സാക്ഷാത്കരിച്ച് രചകൊണ്ട പൊലീസ് കമ്മീഷണറേറ്റ്. പതിനേഴുകാരിയായ രമ്യയെയാണ് ഒരു ദിവസത്തേക്ക് രചകൊണ്ട പൊലീസ് കമ്മീഷണറായി നിയമിച്ചത്. 'മേക്ക് എ വിഷ്' ഫൗണ്ടേഷന്‍ ഒരു ദിവസത്തേക്ക് പൊലീസ് കമ്മീഷണര്‍ ആകണമെന്ന രമ്യയുടെ ആഗ്രഹം രചകൊണ്ട കമ്മീഷണറായ മഹേഷ് ഭഗവത്തിനെ അറിയിച്ചതിനെ തുടര്‍ന്നാണ് രമ്യയുടെ ആഗ്രഹം സഫലമായത്.
ഹൈദരാബാദിലെ പുഞ്ചഗുട്ടയിലെ നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് രമ്യ. ക്രമസമാധാന പ്രശ്‌നങ്ങൾ നിയന്ത്രിക്കുമെന്നും കമ്മീഷണറേറ്റിന് നല്ല പേര് നേടിയെടുക്കുമെന്നും കമ്മീഷണറായി സ്ഥാനമേറ്റ ശേഷം രമ്യ പറഞ്ഞു. കമ്മീഷണറായതില്‍ സന്തോഷമുണ്ടെന്നും സ്ത്രീകളുടെ സംരക്ഷണത്തിനായി ഷീ ടീമുകൾ വര്‍ധിപ്പിക്കുമെന്നും പാട്രോളിംഗ് വ്യാപിപ്പിക്കുമെന്നും രമ്യ കൂട്ടിചേര്‍ത്തു. രചകൊണ്ട കമ്മീഷണറായ മഹേഷ് ഭഗവത്തും അഡീഷണല്‍ കമ്മീഷണറായ സുധീര്‍ ബാബുവും രമ്യക്ക് സാമ്പത്തിക സഹായം നല്‍കി.