പട്‌ന: തേജസ്വി യാദവിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അശ്വിനി ചൗബെ. പത്താം ക്ലാസ് പോലും പാസാകാത്ത വ്യക്തി എഞ്ചിനീയറിംഗ് യോഗ്യതയുള്ള നിതീഷ് കുമാറിനെ വിമര്‍ശിക്കുകയാണെന്നും ക്യാബിനറ്റെന്ന വാക്കിന്‍റെ സ്‌പെല്ലിംഗ് പോലും എഴുതാന്‍ അദ്ദേഹത്തിന് അറിയില്ലെന്നും അശ്വിനി ചൗബെ വിമര്‍ശിച്ചു.
അദ്ദേഹത്തിന്‍റെ അച്ഛന്‍റെ ആദ്യ ക്യാബിനറ്റ് തീരുമാനമായ ഒരു ലക്ഷം തൊഴിലെന്ന വാഗ്‌ദാനത്തിന്‍റെ പൂര്‍ത്തികരണത്തിനായി അദ്ദേഹം പണം വാങ്ങിച്ചു. എന്നാല്‍ ജോലിക്കുള്ള അപേക്ഷകള്‍ ഇന്നും ചവറ്റുകൊട്ടയിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തെ ഗപ്പുവും ബാപ്പുവുമെന്നാണ് ചൗബെ വിശേഷിപ്പിച്ചത്. ഇവരുടെ തെറ്റായ വാഗ്‌ദാനങ്ങളെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ തൊഴിലില്ലായ്‌മ, കുടിയേറ്റം എന്നീ വിഷയങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസാരിക്കണമെന്ന് ആര്‍ജെഡി നേതാവായ തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. 15 വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ഭരണം കൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം എന്നീ മേഖലകള്‍ നശിച്ചെന്ന് അദ്ദേഹം അംഗീകരിക്കുന്നു. രണ്ട് തലമുറകളുടെ വര്‍ത്തമാനവും, ഭൂതവുമാണ് അദ്ദേഹം നശിപ്പിച്ചതെന്ന് തേജസ്വി യാദവ് ട്വീറ്റ് ചെയ്‌തിരുന്നു. അതുകൊണ്ടാണ് തൊഴിലില്ലായ്‌മ, കുടിയേറ്റം, നിക്ഷേപ മേഖലകള്‍ എന്നിവയെക്കുറിച്ച് നിതീഷ് കുമാര്‍ ഒന്നും സംസാരിക്കാത്തതെന്നും ട്വീറ്റില്‍ പറയുന്നു.