തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ ദീപാവലിക്ക് ഇത്തവണ ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ല. തിരുച്ചിറപ്പള്ളി നടുക്കാട്ടിപ്പട്ടിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് തമിഴ് മക്കള്‍ ഒന്നാകെ. കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള തീവ്ര ശ്രമം 47 മണിക്കൂർ പിന്നിട്ടു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇത്തവണത്തെ ദീപാവലി കുരുന്ന് ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്.
കഴിഞ്ഞ ഇരുപത്തിയഞ്ചിനാണ് രണ്ട് വയസുകാരന്‍ സുർജിത്ത് വീടിനടുത്തുള്ള കുഴല്‍കിണറില്‍ വീണത്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്‌ചയിലേക്ക് വീഴുകയായിരുന്നു. നാടൊന്നാകെ ആഘോഷങ്ങള്‍ മാറ്റിവച്ച് കുട്ടിയുടെ ജീവനായുള്ള പ്രാര്‍ത്ഥനയിലാണ്.