ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സർക്കാരിന്‍റെ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കോടതിയുടെ അനുമതി പ്രകാരം കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിനാണ് പി.ജയരാജിനെയും മകൻ ബെന്നിക്‌സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 23ന് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ വെച്ച് ഇരുവരും മരിച്ചു. സാത്തന്‍കുളം പൊലീസ് സ്‌റ്റേഷനില്‍ ഇവരെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കര്‍ ആരോപിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.