ന്യൂഡല്‍ഹി: ചൈനയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച നടക്കുകയാണെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ലോകത്തിലെ ഒരു ശക്തിക്കും എടുക്കാനാവില്ലെന്നും രാജ്‌നാഥ് സിങ്. ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ ആര്‍മിയോടും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസ് സേനയോടും സംവദിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം എത്രത്തോളം പരിഹരിക്കാനാവുമെന്ന് എനിക്ക് ഉറപ്പു നല്‍കാനാവില്ല. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാവുകയാണെങ്കില്‍ അതാവും ഏറ്റവും നല്ല മാര്‍ഗമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
സംയുക്ത സൈനിക മേധാവി ജനറല്‍ ബിബിന്‍ റാവത്ത്, കരസേന മേധാവി എം എം നരവനെ എന്നിവരോടൊപ്പമാണ് രാജ്‌നാഥ് സിങ് സൈനികരോട് ചര്‍ച്ച നടത്തിയത്. സൈന്യത്തിന്‍റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൗരന്മാരും അഭിമാനിക്കുന്നുെവന്നും സൈനികരോട് സംവദിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും പ്രധാനമന്ത്രി പോലും സൈന്യത്തെ കാണാന്‍ നേരിട്ടെത്തിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയെ മാത്രമല്ല സംരക്ഷിച്ചതെന്നും 130 കോടി ഇന്ത്യന്‍ ജനതയുടെ അഭിമാനത്തെയാണ് സംരക്ഷിച്ചതെന്നും അദ്ദേഹം സൈനികര്‍ക്ക് പ്രചോദനം നല്‍കികൊണ്ട് പറഞ്ഞു.
ചൈനീസ് സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ സൈന്യത്തിന്‍റെ തയ്യാറെടുപ്പുകളെയും പ്രതിരോധ മന്ത്രി വിലയിരുത്തി. പാരാഡ്രോപ്പിങ് പരിശീലനം കാണുകയും പികാ മെഷീന്‍ ഗണ്ണിന്‍റെ പ്രവര്‍ത്തനവും പ്രതിരോധ മന്ത്രി നിരീക്ഷിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ടി 90 ടാങ്കുകളും ബിഎംപി ഇന്‍ഫന്‍ററി കോമ്പാക്‌ട് വെഹിക്കിള്‍ പരിശീലനവും പ്രതിരോധമന്ത്രി നേരിട്ട് കണ്ടു. ലഡാക്കിലും ജമ്മു കശ്‌മീരിലുമായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാജ്‌നാഥ് സിങ്. നിയന്ത്രണ രേഖയിലെ സ്ഥിതിനിലവാരവും അദ്ദേഹം പരിശോധിക്കുന്നതാണ്. ഗാല്‍വന്‍ വാലിയില്‍ ജൂണ്‍ 15നാണ് ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയിരുന്നു. സൈനികതലത്തിലും നയതന്ത്ര തലത്തിലും നടത്തിയ ചര്‍ച്ചകള്‍ പ്രകാരം ചൈനീസ് സേന പിന്‍വാങ്ങി തുടങ്ങിയിരുന്നു.