ന്യൂഡല്‍ഹി: അഞ്ച് ദിവസം നീളുന്ന സന്ദര്‍ശനത്തിനായി സ്വീഡന്‍ രാജാവ് കാള്‍ ഗുസ്ഥാവ് പതിനാറാമനും, രാജ്ഞി സില്‍വിയയും ഇന്ത്യയിലെത്തി. സ്‌റ്റോക്‌ഹോമില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്.
മൂന്നാമത്തെ തവണയാണ് ഒരു സ്വീഡന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. നേരത്തെ 1993ലും, 2005ലും സ്വീഡിഷ് രാജാക്കന്‍മാര്‍ ഇന്ത്യയിലെത്തിയിരുന്നു.
ഇന്ത്യന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രത്യേക ക്ഷണ പ്രകാരമാണ് കാള്‍ ഗുസ്ഥാവ് പതിനാറാമനും, രാജ്ഞിയും ഇന്ത്യയിലെത്തിയിരിക്കുന്നത്. രാഷ്‌ട്രപതിയുമായിട്ടാണ് രാജാവിന്‍റെ ആദ്യ കൂടികാഴ്‌ചയും. രാഷ്‌ട്രപതി ഭവനിലെ കൂടികാഴ്‌ചയ്‌ക്ക് ശേഷം സ്വീഡന്‍ രാജാവും, രാജ്ഞിയും മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്‌ഘട്ട് സന്ദര്‍ശിക്കും.
ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഗുസ്ഥാവ് പതിനാറാമന്‍ ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവയ്‌ക്കും. കഴിഞ്ഞ എതാനും വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. 2000 ല്‍ 2.5 ബില്യണ്‍ ഡോളറായിരുന്ന വ്യാപാര ബന്ധം, 2018ല്‍ 3.37 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം ചെങ്കോട്ട, ഡല്‍ഹി ജുമാ മസ്‌ജിദ് എന്നീ സ്ഥലങ്ങളും സ്വീഡിഷ് രാജകുടുംബം സന്ദര്‍ശിക്കും. ചൊവ്വാഴ്‌ച വായുമലിനീകരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഹാബിറ്ററ്റ് സെന്‍ററില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുത്ത ശേഷം, ബുധനാഴ്‌ച മഹരാഷ്‌ട്ര ഗവര്‍ണര്‍ ബി.എസ്. കോശ്യാരിയുമായും സ്വീഡന്‍ രാജാവ് കാള്‍ ഗുസ്ഥാവ് പതിനാറാമനും, രാജ്ഞി സില്‍വിയയും കൂടികാഴ്ച നടത്തും.