ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്ററില്‍ പരിശോധന നടത്തിയ ഐ എ എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.
എസ് പി ജിയുടെ നിർദ്ദേശാനുസരണം പ്രവർത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് മുഹ്സിൻ എന്ന ഉദ്യോഗസ്ഥനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ സസ്പെൻഡ് ചെയ്തത്. ഒഡീഷയിലെ സംബല്‍പൂരില്‍ വച്ചാണ് മുഹ്സിൻ പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്റർ പരിശോധിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിനോടകം നിരവധി നേതാക്കന്മാരുടെ വാഹനങ്ങൾ പരിശോധിച്ചെന്നും അതില്‍ ഒന്നും ഇതുവരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. ഉദ്യോഗസ്ഥന്‍റെ അപ്രതീക്ഷിത പരിശോധനമൂലം പ്രധാനമന്ത്രിയുടെ യാത്ര 15 മിനിറ്റ് വൈകിയെന്ന പരാതി ഉയർന്നിരുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ വിഷയം ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും.