ലക്‌നൗ: കൊവിഡ് രോഗിയെ ഹൃദയശസ്‌ത്രകിയക്ക് വിധേയനാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സജ്ഞയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കൊവിഡ് പരിശോധന നടത്തുന്നതിന് മുന്‍പ് രോഗിയെ ശസ്‌ത്രക്രിയയ്‌ക്ക് പ്രവേശിപ്പിച്ചുവെന്നാണ് ആരോപണം. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രി ജീവനക്കാരെയും മറ്റ് രോഗികളെയും പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്‍റൈയിനിലാക്കിയിട്ടുണ്ട്. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം അടിയന്തര കേസുകളിൽപ്പോലും ശസ്‌ത്രക്രിയ അടക്കമുള്ള കേസുകളില്‍ പോലും രോഗികളെ കൊവിഡ് പരിശോധന നടത്തണമെന്ന് ഉത്തരവുണ്ട്.
ഞായാറാഴ്‌ച രാത്രി കാര്‍ഡിയാക് ബ്ലോക്ക് മൂലം ഗുരുതരാവസ്ഥയിലായ 63കാരനായ രോഗിയെ പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നതിനായാണ് ശസ്‌ത്രക്രിയയ്‌ക്കായി പ്രവേശിപ്പിച്ചതെന്ന് ആശുപത്രി ഭരണകൂടം പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗിയെ രാജധാനി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി ഡയറക്‌ടര്‍ പ്രൊഫസര്‍ ആര്‍.കെ ദിമന്‍ വ്യക്തമാക്കി.