ന്യൂഡല്‍ഹി: വിവിപാറ്റ് കേസില്‍ പ്രതിപക്ഷത്തിന്‍റെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ അടുത്ത ആഴ്ച കോടതി വാദം കേള്‍ക്കും. 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്, ടി ഡി പി ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി സമർപ്പിച്ചത്. വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമമക്കേട് നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.
മാര്‍ച്ച് 14ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനു മുമ്പും ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ പാർട്ടികള്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. പകരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു വീതം വിവി പാറ്റുകള്‍ എണ്ണാനുള്ള നിര്‍ദ്ദേശമാണ് കോടതി നല്‍കിയത്.
ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നേരെ വ്യാപകമായി ക്രമക്കേട് നടക്കുന്നതായി പലയിടത്തു നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ആന്ധ്രാപ്രദേശില്‍ അടക്കം വ്യാപക ക്രമകേടു നടന്നു എന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടികാട്ടി. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടികാട്ടിയാണ് നേരത്തെ ഉള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അതേസമയം സുപ്രീം കോടതി അംഗീകരിച്ചാല്‍ മെയ് 23 ന് ഫലപ്രഖ്യാപനം ഉണ്ടാകില്ല. ഇത് ഫലപ്രഖ്യാപനം നീണ്ടു പോകാനും കാരണമായേക്കും.