അമരാവതി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രമേഷ് കുമാറിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ കോടതി അതൃപ്തി അറിയിച്ചു. നിലവിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസയച്ചു.
ഹൈക്കോടതി നടപടിക്കെതിരെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ,ഋഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുകുള്‍ റോത്തഗിയും മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രമേഷ് കുമാറിന് വേണ്ടി ഹരീഷ് സാല്‍വേയുമാണ് ഹാജരായത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി വെട്ടിക്കുറക്കാനുള്ള ഏപ്രിൽ 10 ലെ തീരുമാനം മെയ് 29നാണ് ഹൈക്കോടതി റദ്ദാക്കിയത്. വിരമിച്ച ജഡ്ജി വി. കനകരാജിനെ പുതിയ എസ്.ഇ.സിയായി നിയമിക്കാനുള്ള സർക്കാർ ഉത്തരവും ഹൈക്കോടതി കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. പകരം വിരമിച്ച ഉദ്യോഗസ്ഥന്‍ നിമ്മഗദ്ദ രമേഷ് കുമാറിനെ എസ്.ഇ.സിയായി നിയമിക്കുകയും ചെയ്തു. രമേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി വി. കനകരാജിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.