ന്യൂഡല്‍ഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കും. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയുടേത് അടക്കമുള്ള ഹര്‍ജികളാണ് ഇന്ന് കോടതിയിലെത്തുക. കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുക, നേതാക്കളുടെ തടങ്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടത്.
കശ്മീര്‍ ഹര്‍ജികളില്‍ നേരം കളയാനില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞിരുന്നു. അയോധ്യാ കേസടക്കം പരിഗണിക്കാനുള്ളതിനാല്‍ ഹര്‍ജികള്‍ ഇനി മുതല്‍ ഭരണഘടനാ ബഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു. ഗുലാംനബി ആസാദ്, വൈക്കോ തുടങ്ങിയ നേതാക്കളുടെ ഹര്‍ജികളും ഇന്ന് പരിഗണിക്കും. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370 , 35 എ അനുച്ഛേദങ്ങള്‍ റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാനാണ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ഭരണഘടനാ ബഞ്ച് രൂപീകരിച്ചത്.
അതിനിടെ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചിട്ടുണ്ട്. കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആവര്‍ത്തിച്ചു. ഭരണഘടനാ പുനസംഘടന, അതിര്‍ത്തിയില്‍ മരിച്ച ജവാന്മാര്‍ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവാണെന്നും അദ്ദേഹം അഹമ്മദാബാദില്‍ പറഞ്ഞു. പ്രതിപക്ഷം ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും ഷാ ആരോപിച്ചു.