മുംബൈ: മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയില്‍ ഞെട്ടി ബി.ജെ.പി. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി. സർക്കാരുമായി മുന്നോട്ടുപോകാൻ ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ വീട്ടിലാണ് കൂടിക്കാഴ്ച്ച നടത്തിയത്. ബി.ജെ.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ ഹിബാഗു ബാഗ്ദേയും യോഗത്തില്‍ പങ്കെടുത്തു. അതേ സമയം നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ സത്യം വിജയിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സോണിയ ഗാന്ധിയും കോണ്‍ഗ്രസും അഭിപ്രായപ്പെട്ടു. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശങ്ങള്‍:
- നാളെ രാവിലെ മഹാരാഷ്ട്ര നിയമസഭ വിളിച്ച് ചേര്‍ക്കണം.
- അംഗങ്ങളുടെ സത്യ പ്രതിജ്ഞക്ക് ശേഷം അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്താം.
- വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം.
- രഹസ്യ ബാലറ്റ് പാടില്ല.
- നടപടികൾ മാധ്യമങ്ങൾക്ക് തൽസമയം സംപ്രേഷണം ചെയ്യാം.
- നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണം
- മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കി വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്‍റെ ആവശ്യം കോടതിയിൽ അംഗീകരിച്ചു.
- ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അടിയന്തരമായി പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കണം.
- കുതിരക്കച്ചവടം തടയേണ്ടതുണ്ടെന്നും കോടതി.