ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ 250 ഇന്ത്യന്‍ തീര്‍ഥാടകരെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദേശം. തീര്‍ഥാടകര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചെങ്കിലും അവരെ നാട്ടിലെത്തിക്കാന്‍ നടപടിയായില്ലെന്നാരോപിച്ച് ലഡാക്ക് നിവാസിയായ എം.എച്ച് മുസ്‌തഫ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഇടപെടല്‍. കൊവിഡ് ബാധിത രാജ്യമായ ഇറാനില്‍ ഇതുവരെ 2,000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 2019 ഡിസംബറിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നും 1000 പേരടങ്ങുന്ന സംഘം ഇറാനിലേക്ക് പോയത്. കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യന്‍ പൗരന്മാര്‍ ഇറാന്‍ സര്‍ക്കാരിന്‍റെ കാരുണ്യത്തിലാണ് കഴിയുന്നത്. അവരുടെ പക്കല്‍ മതിയായ പണമോ, മരുന്നുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഡ്‌ജ് അറിയിച്ചു.
അതേസമയം ഇറാനില്‍ കുടുങ്ങിയ 500ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിലവില്‍ നിര്‍ത്തിയിരിക്കുകയാണ്. വിദേശ കാര്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും തീര്‍ഥാടകരെ തിരിച്ചെത്തിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇകാര്യം ഗൗരവമായി കാണണം. ഇന്ത്യന്‍ എംബസി മുഖേന തീര്‍ഥാടകരുമായി നിരന്തരം ബന്ധപ്പെടണമെന്നും അവര്‍ക്ക് വീണ്ടും ആരോഗ്യ പരിശോധന നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകരെ തിരിച്ചെത്തിക്കാന്‍ സാധ്യമായ എല്ലാ വഴികളും നോക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.